കടലും കരയും

Sea and Land

കടൽ കണ്ടില്ലേ.. എന്തൊരത്ഭുതമാണല്ലേ.. കരയേക്കാൾ മൂന്നിരട്ടി വലുപ്പം, ഭീമാകാരം തന്നെ. സൂര്യദേവന് ഒന്ന് കുളിക്കാനും രാത്രി തല ചായ്ക്കാനും കടലല്ലാതെ വേറാരുണ്ട്. ആരും അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് കടലിന്നടിയിൽ ഉറങ്ങി കിടക്കുന്നത്. പ്രണയ്താക്കൾക്ക്‌ കാറ്റ് കൊള്ളാൻ കടൽത്തീരത്തെക്കാൾ നല്ല സ്ഥലം വേറെയെവിടെ കിട്ടും? അങ്ങനെയങ്ങനെ ഒരുപാട് അല്ലേ..

എന്നാൽ കടലിന്‍റെ സങ്കടം എന്തെന്നറിയ്യോ? ഇത്രയൊക്കെ മഹിമകളുണ്ടെങ്കിൽ ജനങ്ങൾക്കെന്താ കടലിൽ താമസിച്ചാൽ?!! ഇതു നല്ല തമാശ അല്ലേ.. പക്ഷേ ഒരർത്ഥത്തിൽ ചിന്തിച്ചാൽ കടല് പറയുന്നതിലും കാര്യമുണ്ട്. എത്രയെത്ര ജനങ്ങളാ കരയിൽ താമസിക്കുന്നത്. അവരവിടെ ആടിയും പാടിയും രസിക്കുന്നു. കടലോ? അതെന്നും ഒറ്റക്കാണ്. വല്ലപ്പോഴും ആരെങ്കിലും തന്നെ കീറിമുറിച്ചു കൊണ്ട് പോയാലായി. അതു തന്നെ അവരുടെ ജീവിതമാർഗം കണ്ടെത്താൻ. കഷ്ട്ടം അല്ലെ!

ഇനി മറ്റൊരു രസം പറയട്ടെ.. കടലിനു കരയോടു പ്രേമാത്രേ! അതിലും കാര്യമില്ലാതില്ല. കടല് വേറാരെ പ്രേമിക്കും? മേഘങ്ങളും ചന്ദ്രനുമൊക്കെ ഒരുപാട് ദൂരെയല്ലേ.. ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റിനെ കടലിനൊട്ടിഷ്ടവുമല്ല.. ഒരിക്കൽ കടല് കരയോട് ചോദിക്ക്യാ “ഞാൻ നിന്നിൽ അലിഞ്ഞുചേർന്നോട്ടെ”ന്നു. പക്ഷെ കര ഒന്നും പറഞ്ഞില്ല.(നിസ്സഹായതയോടെ) ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പാവം കടൽ! അതിനറിയ്യോ താൻ കരയിൽ അലിഞ്ഞു ചേർന്നാലുള്ള ദുരന്തമെന്തെന്ന്. കരയിലുള്ള ജനങ്ങളൊക്കെ നശിക്കില്ല്യോ?

കടലിനെ ആരു പറഞ്ഞു മനസ്സിലാക്കും, അത് കടലായി നിലകൊള്ളുന്നത് ഒരു കാരണത്തിനാണെന്ന്. കടലെന്നും ഒറ്റക്കാവാന്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന്. കടലില്ലാതെ ഭൂമി നിലനില്‍ക്കില്ലെന്ന്. കരയില്‍ നിന്നാണെങ്കിലും കടലിനെ നോക്കി നില്‍ക്കുന്നത് ജനങ്ങളുടെ മനം കവരുമെന്ന്. കരയ്ക്ക് കടലിനെ ഒരുപാടിഷ്ടമാണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *