ആടുജീവിതം : ഒരു വായനക്കാരന്റെ കുറിപ്പുകള്‍

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “

കോളേജ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ച വര്‍ഷം. പരീക്ഷകളുടെ തലേന്ന് വല്ലവരുടെയും പുസ്തകം എടുത്ത് 2 വരി വായിക്കുന്നതൊഴിച്ചാല്‍ വായന എന്ന പ്രക്രിയ തന്നെ ജീവിതത്തില്‍ നിന്ന് പാടെ ഉപേക്ഷിച്ച ഒരു കാലം. അങ്ങനെയിരിക്കെയാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്റെ കൈയില്‍ കിട്ടുന്നത്. പെട്ടെന്ന് ഉറക്കം വരുമല്ലോ എന്ന് കരുതിയായിരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. രാവിലെ 5 മണി വരെ ഇരുന്ന് പുസ്തകം വായിച്ച് തീര്‍ത്ത ശേഷമാണ് അന്ന് ഞാന്‍ ഉറങ്ങിയത്. അല്ല, ഉറക്കം വന്നില്ല എന്നു തന്നെ പറയാം.

ഒരാളുടെ ജീവിതം ഇത്ര മനോഹരമായി അവതരിപ്പിച്ച ഒരു നോവലും ഞാനിതു വരെ വായിച്ചിട്ടില്ല. 5 മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ നജീബാവുകയായിരുന്നു. നജീബ് കരയുന്പോഴൊക്കെ എന്റെ കണ്ണുകളും നിറഞ്ഞു. നജീബ് മരുഭൂമിയില്‍ ദാഹിച്ച് വലഞ്ഞപ്പോള്‍ എന്റെ തൊണ്ടയും വരണ്ടു. ആടുജീവിതം വായിക്കുന്പോള്‍ ഒരു നോവല്‍ വായിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടേയില്ല. മറിച്ച്, എന്റെ ഹൃദയം കൊണ്ട് ഞാനാ ജീവിതം അനുഭവിച്ചറിയുകയായിരുന്നു.

ഒരു വലിയ എഴുത്തുകാരന്റെ കൃതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഉള്ള അര്‍ഹത ഈ വിനീതനായ എനിക്കില്ല എന്നറിയാം. എങ്കിലും എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളാരുമാവട്ടെ, നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് ആടുജീവിതം. ജീവിതത്തില്‍ നിങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും നജീബിന്റെ ആടുജീവിതത്തിന്റെ തീക്ഷ്ണതക്കു മുന്പില്‍ ഉരുകിയില്ലാതാവുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാം. നാമൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിക്കാതിരിക്കില്ല. തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *